Wednesday, May 7, 2014

വ്യക്തി വൈരാഗ്യം :വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചു

അരൂർ: പഞ്ചായത്ത് അംഗത്തിന്റെ വ്യക്തി വൈരാഗ്യം മൂലം വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി.എഴുപുന്ന പഞ്ചായത്ത് 16-ാം വാർഡിൽ ഐ.എച്ച്.ഡി.പി കോളനിയിലെ കൊച്ചുതൈക്കണ്ടത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ നാരായണിക്കാണ് പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച കുടിവെള്ള പൈപ്പ് കണക്ഷൻ നിരോധിച്ചത്.
കോളനിയിൽ നാരായണി ഒഴികെ മറ്റെല്ലാവർക്കും രണ്ടു ഘട്ടങ്ങളിലായി 50 പേർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് നൽകിയ പട്ടിക പ്രകാരം ചേർത്തല വാട്ടർ അതോറിട്ടിക്ക് അപേക്ഷ നൽകിയിരുന്നു.എന്നാൽ ഈ രണ്ടു പട്ടികയിൽനിന്നും നാരായണിയുടെ പേര് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും ലഭ്യമായ രേഖയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതായി നാരായണി പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 16-ാം വാർഡിൽ നാരായണിയുടെ മകളും സ്വതന്ത്ര സ്ഥാനാർത്ഥിയായി വാർഡ് അംഗത്തിനൊപ്പം മത്സരിച്ചിരുന്നു.എന്നാൽ തന്നെ തോൽപ്പിക്കാനാണ് മകളെ മത്സരിപ്പിച്ചതെന്നാണ് വാർഡ് അംഗത്തിന്റെ ആരോപണം.ഈ വൈരാഗ്യമാണ് തനിക്കുമാത്രം കുടിവെള്ളം നിരോധിക്കാൻ കാരണമെന്ന് നാരായണി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കുടിവെള്ളം ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഉടനെ കിട്ടുമെന്ന മറുപടിയാണ് പഞ്ചായത്ത് അംഗത്തിൽ നിന്നും ലഭിച്ചത്.എന്നാൽ ഇതു സംബന്ധിച്ച വിവരാവകാശ രേഖ പരിശോധിച്ചപ്പോഴാണ് ലിസ്റ്റിൽ നാരായണി ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.തന്നോട് കാട്ടിയത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്നും ഈ നീതി നിഷേധത്തിനെതിരെ പട്ടികജാതി - പട്ടികവർഗ്ഗ പീഢന നിയമപ്രകാരം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നാരായണി കളക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അരൂർ: മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ചന്തിരൂരിൽ പ്രവർത്തിച്ചിരുന്ന അനധികൃത മാംസാവശിഷ്ട സംസ്ക്കരണ കേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു.അറവുശാലകളിൽനിന്നും ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങൾ ശുചീകരിച്ച് ഉണക്കി ചൈനയിലേക്ക് കയറ്റി അയയ്ക്കുന്ന ചന്തിരൂർ പഴയ പാലത്തിനു സമീപം പ്രവർത്തിക്കുന്ന കേന്ദ്രമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേർന്ന് മിന്നൽ പരിശോധന നടത്തി അടച്ചുപൂട്ടിയത്.
ഭക്ഷണ യോഗ്യമല്ലാത്തതും അറവുശാലകലിൽ നിന്നും ഉപേക്ഷിക്കുന്നതുമായ കന്നുകാലികലുടെ ഞരമ്പ്,തൊലി തിടങ്ങിയ മാംസാവശിഷ്ടങ്ങൾ ഉണക്കി മറ്റു സംസ്ക്കരണ പ്രക്രിയകൾക്കുശേഷം ഉരുളകളാക്കി ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നത്.ഇതിന് പഞ്ചായത്തിന്റേയോ,മലിനീകരണ നിയന്ത്രണ ബോർഡിന്റേയോ രേഖാമൂലമുള്ള യാതൊരു സമ്മതപത്രവും കിട്ടിയിട്ടില്ല.അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കയറ്റുമതി കേന്ദ്രത്തിൽ നിന്നും രൂക്ഷമായ ദുർഗ്ഗന്ധം വമിച്ചതിനെത്തുടർന്നാണ് നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിച്ചത്.തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ഗോപാലകൃഷ്ണൻ,കെ.ആർ.ചന്ദ്രബോസ് എന്നിവർ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിൽ പുഴുവരിച്ചനിലയിൽ മാംസാവശിഷ്ടങ്ങൾ കണ്ടെത്തി.ഇത് രൂക്ഷമായ നലിനീകരണവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നവയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പഞ്ഞു. പുഴുവരിച്ചനിലയിൽ കണ്ടെത്തിയ മാംസാവശിഷ്ടങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ കുഴിച്ചുമൂടി കേന്ദ്രം അടച്ചുപൂട്ടി സീൽ ചെയ്തു.Monday, April 14, 2014

വിഷു

                                                   
പകലും രാത്രിയും സമമായി വരുന്ന അവസ്ഥയാണ് വിഷു.സൂര്യൻ മീനം രാശിയിൽനിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്ന പ്രത്യേകതയും വിഷു ദിനത്തിനുണ്ട്.ഇതെല്ലാം ശബ്ദതാരാവലിയിലെ വിഷു ദിനത്തിനുള്ള നിർവ്വചനങ്ങളാണ്. എന്നാലൽ കേരളീയർക്ക് ഇതിനെല്ലാം അപ്പുറത്തുള്ള കാല്പനികമായ ഒരാഘോഷമാണ്. വിഷുപ്പുലരിയിലെ കൈനീട്ടത്തേയും കണിയേയും ആശ്രയിച്ച് അടുത്ത ഒരു വർഷത്തെ ഗുണദോഷ ഫലങ്ങളെ വിലയിരുത്തുന്നവർ ഇന്ന് നമ്മുടെയിടയിൽ ഭൂരിപക്ഷമാണ്. അകവും പുറവും ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് കണിവെള്ളരിക്കൊപ്പം കുളിർമ്മ പൊഴിക്കുന്ന ഈ ആഘോഷവും മറ്റെല്ലാ ആഘോഷവും പോലെ കച്ചവടമായിക്കഴിഞ്ഞു. തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരുന്ന വെള്ളരിക്കയും പഴവർഗ്ഗങ്ങളും ഓട്ടുരുളിയിൽവച്ച് , വിലകൊടുത്ത് വാങ്ങുന്ന നാലഞ്ചിതൾ കണിക്കൊന്ന പൂക്കൾകൊണ്ട് അലങ്കരിച്ച് കേരളീയർ കാണുന്ന വിഷുക്കണിക്ക് ഇന്ന് മലയാളത്തനിമ തീരെയില്ല. ഉഗ്ര സ്ഫോടന ശേഷിയുള്ള പടക്കങ്ങളും അമിട്ടുകളും മധുരമുള്ള ഒരു തെരുവിനെ കത്തിച്ചുകളയുന്നതിന്റെ ദൃശ്യങ്ങളായിരിക്കാം ഒരുപക്ഷെ നാളത്തെ തലമുറ വിഷുവെന്നു കേള്‍ക്കുമ്പോൾ മനസ്സിൽ കൊണ്ടുവരുന്നത്.
പക്ഷെ മുതിർന്ന തലമുറ മേടത്തിന്റെ മടിയിൽ പിറന്ന വിഷുപ്പുലരിക്ക് ധാരാളം അർത്ഥതലങ്ങളും ദൃശ്യങ്ങളും കൽപ്പിച്ചുകൊടുത്തിട്ടുണ്ട്.വേനൽക്കാല അവധിക്ക് സംഘം ചേരുന്ന കുട്ടികൾ മാസങ്ങൾക്കുമുമ്പേ തുടങ്ങും കണിയൊരുക്കാൻ.കമ്പും ചുള്ളിയുംകൊണ്ട് ചെറു കൂടാരങ്ങൾ തീർത്ത് മനോഹരമായി അലങ്കരിച്ച് ഓടക്കുഴലൂതുന്ന പീലിക്കണ്ണന്റെ ചിത്രവും വച്ച് അതിനുമുന്നിൽ നിറകണിയൊരുക്കി കൃഷ്ണഗാനങ്ങളും പാടി ഇടവഴികളും തോടുകളും പിന്നിട്ട് ഓരോ വീടുകളും കയറിയിറങ്ങി കണികാട്ടുമ്പോൾ കിട്ടുന്ന ചില്ലറത്തുട്ടുകളുടെ ലാഭനഷ്ടങ്ങളായിരുന്നില്ല അന്നത്തെ കുട്ടികളുടെ വിഷു സ്മരണ.മറിച്ച്, കണിയൊരുക്കാനുള്ള പങ്കപ്പാടുകളും കൂടാരവും ചുമന്ന് കൊട്ടിപ്പാടി നടക്കുന്നതിലെ കാൽപ്പനിക അനുഭവവും ഒരു വർഷത്തെ ഫലം മുഴുവൻ ഈ കൂടാരത്തിലെ കാഴ്ചയിലാണെന്ന സുന്ദരമായ സങ്കൽപ്പവും സർവ്വോപരി ആ കൂട്ടായ്മയുടെ വേനൽ സ്മൃതിയും മറ്റുമാണ് അന്നത്തെ കുട്ടികൾക്ക് ലഭിച്ചിരുന്ന ഏറ്റവും വലിയ കൈനീട്ടങ്ങൾ.
ഉത്തരേന്ത്യയിലെ പോലെ പടക്കങ്ങൾ പൊട്ടിച്ച് ആനന്ദിക്കുന്ന ആഘോഷങ്ങൾ നമുക്ക് കുറവാണ്.എന്നാൽ വിഷു അതിൽനിന്നും വേറിട്ടു നിൽക്കുന്നു.ലാത്തിരിയും കമ്പിത്തിരിയും പൂത്തിരിയും മറ്റും കത്തിച്ച് ആഘോഷിക്കുന്ന വിഷു കുട്ടികളുടേതു മാത്രമാണെന്ന് അവർ വിചാരിക്കുമ്പോൾ കൈനീട്ടം കൊടുക്കാൻ അധികാരമുള്ള മുതിർന്നവരുടേതാണെന്ന് അവരും വിചാരിക്കുന്നു.ചുരുക്കത്തിൽ എല്ലാവരുടേയും പൊതു ആഘോഷം തന്നെ വിഷു.
തൊടിയിൽ നിന്നും പെറുക്കിക്കൂട്ടുന്ന കശുഅണ്ടികൾ സംഭരിച്ചുവച്ച് വിഷുത്തലേന്നാൾ ചുട്ടുതല്ലി അവ വിഷുക്കഞ്ഞിയിൽ ചേർത്ത് കഴിക്കുമ്പോൾ ലഭിച്ചിരുന്ന രുചി ഇപ്പോഴത്തെ വിഷുക്കഞ്ഞിക്കുണ്ടോയെന്ന് അനുഭവത്തിന്റെ നാവാണ് പറയേണ്ടത്.വലിയ ബദ്ധപ്പാടില്ലാതെ കടയിൽ നിന്നും കശുഅണ്ടി പായ്ക്കറ്റുകൾ വാങ്ങി വിലയേറിയ സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് ഇന്നു നാം വിഷുക്കഞ്ഞി തയ്യാറാക്കുന്നുണ്ടാകാം.പക്ഷെ,അനുഭവത്തിന്റെ രുചി കടയിൽനിന്നും കിട്ടില്ലല്ലോ.
തിന്മയുടെമേൽ നന്മ വിജയം കൈവരിച്ച ചില കഥകൾ വിഷുവിനെ ആധാരമാക്കി പറയാറുണ്ട്.അതുപോലെ കേരളീയരുടെ കാർഷികോത്സവമെന്നും വിഷുവിനെ ഘോഷിക്കുന്നു.പക്ഷെ,നന്മയ്ക്കുമേൽ ഇന്ന് നിരന്തരം തിന്മ വിജയിക്കുകയാണ്.മലയാളിയാകട്ടെ ഏറെക്കുറെ കാർഷിക വൃത്തി മറന്നും കഴിഞ്ഞു.
എങ്കിലും വിഷു നമുക്ക് വലിയ ആഘോഷമാണ്.അതിന്റെ മാറ്റ് കൊന്നപ്പൂക്കളെപ്പോലെ അമൂല്യമാണ്.പ്രദേശത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിഷുപ്പുലരിയിൽ ഭക്തർ നിറയുന്നു; കാർവർണ്ണനെ കണികണ്ട് സായൂജ്യമടയാൻ.വിഷുവിന് തനതായ ആഘോഷങ്ങളൊന്നും നമ്മുടെ ജില്ലയ്ക്കില്ല.എങ്കിലും ഗ്രാമത്തിന്റെ സ്വഭാവം ഇവിടെ ഉടനീളമുള്ളതിനാൽ വിഷുക്കാഴ്ചയുടെ മനോഹാരിതയ്ക്ക് ഒട്ടും കുറവു സംഭവിച്ചിട്ടില്ല.         
                      


                                        

Saturday, August 10, 2013

വിവരാവകാശ നിയമം ഉപയോഗിച്ച ഒൻപതു വയസ്സുകാരി നിരുപമ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിവരാവകാശ അപേക്ഷകയായി

 അരൂർ: സർക്കാർ നടപടികളിലെ കുരുക്കഴിക്കാൻ വിവരാവകാശ നിയമം ഉപയോഗിച്ച ഒൻപതു വയസ്സുകാരി നിരുപമ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിവരാവകാശ അപേക്ഷകയായി.നിരത്തിലെ അപകടങ്ങൾ കണ്ട് നിസ്സഹായരായി നിൽക്കുന്ന മുതിർന്നവർക്ക് മാതൃകയായി സർക്കാർ സംവിധാനങ്ങളെ ചലനാത്മകമാക്കാൻ കഴിയുമെന്ന് എഴുപുന്നയിലെ അമല പബ്ളിക് സ്കൂളിലെ ഈ നാലാം ക്ളാസ് വിദ്യാർത്ഥിനി തെളിയിക്കുന്നു.
എറണാകുളം-ചേർത്തല-കുമ്പളങ്ങി റോഡിലെ അപകട പരമ്പരയാണ് വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും അപേഷ നൽകാൻ നിരുപമയെ പ്രേരിപ്പിച്ചത്.തന്റെ സ്കൂൾ പ്രിൻസിപ്പാളായിരുന്ന
സിസ്റ്റർ വിക്ടസ് 2011 നവംബർ 17 ന് സ്കൂളിനു മുന്നിൽ വച്ച് സ്വകാര്യ ബസ്സിടിച്ച് ദാരുണമായി മരിക്കാനിടയായി.2012 ഒക്ടോബർ 10ന് എഴുപുന്നയിലെ സെന്റ്.റാഫേൽസ് ഹൈസ്കൂൾ ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥിനി രജനി മരിച്ചതും സ്വകാര്യ ബസ്സിടിച്ചാണ്.ഒരാൾ ബസ്സിനടിയിൽപ്പെട്ടും മറ്റൊരാൾ ബസ്സിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണും സമീപകാലത്ത് മരിക്കുകയണ്ടായി.
ബസ്സപകടങ്ങൾ ഇവിടെ തുടർക്കഥയായപ്പോൾ നാട്ടുകാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ വല്ലേത്തോട് പൊലീസ് എയ്ഡ് പോസ്റ്റിൽ പഞ്ചിംഗ് സംവിധാനമുണ്ടായിരുന്നതും പിന്നീട് അപ്രത്യക്ഷമായി.
തുറവൂരും എഴുപുന്നയിലുമുള്ള റെയിൽവേ ഗേറ്റുകളിൽ നഷ്ടമാകുന്ന സമയം തിരിച്ചു പിടിക്കാൻ ബസ്സുകൾ നടത്തുന്ന മരണപ്പാച്ചിലിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.ഇത് അവസാനിപ്പിക്കാൻ പഞ്ചിംഗ് സംവിധാനം പുന:സ്ഥാപിക്കണമെന്ന ട്രാൻസ്പോർട്ട് അതോറിട്ടിയുടെ തീരുമാനവും അട്ടിമറിക്കപ്പെട്ടു.ഇതിനെത്തുടർന്നാണ് നിരുപമ വിവരാവകാശ നിയമ പ്രകാരം പത്തു രൂപയുടെ സ്റ്റാമ്പ് പതിച്ച് അപേക്ഷ സമർപ്പിച്ചത്.പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സ്വീകരിച്ച നടപടികളും സമീപകാലത്തു നടന്ന അപകടങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടാണ് മാർച്ച് 20 ന് അപേക്ഷ നൽകിയത്.തുടർ നടപടിക്കായി ആലപ്പുഴ കളക്ട്രേറ്റ് ആർ.ടി.ഒ യ്ക്ക് ഈ അപേക്ഷ കൈമാറുകയും ഏപ്രിൽ 3 ന് ആർ.ടി.ഒ നിരുമപയ്ക്ക് ഇതു സംബന്ധിച്ച വിശദമായ മറുപടി നൽകുകയും ചെയ്തു.
പഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി കെൽട്രോണിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച എസ്റ്റിമേറ്റ് അടുത്ത റോഡു സുരക്ഷാ കൗൺസിലിന്റെ തീരുമാന്നത്തിനായി സമർപ്പിക്കുമെന്നും ആലപ്പുഴ ആർ.ടി.ഒ ശ്രീകുമാർ രേഖാമൂലം നിരുപമയെ അറിയിക്കുകയുണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസ് ഈ അപേക്ഷ തുടർ നടപടിക്കായി സംസ്ഥാന ഗതാഗത വകുപ്പിന് കൈമാറിയെന്ന കത്തും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിരുപമയ്ക്ക് ലഭിച്ചു.
""സിസ്റ്റർ വിക്ടസ്സിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ എന്തെങ്കെലും ചെയ്യാൻ പറ്റുമോ എന്ന അന്വേഷണമാണ് തന്നെ ഇങ്ങനെയൊരു അപേക്ഷ നൽകാൻ പ്രേരിപ്പിച്ചതതെന്നും '' നിരുപമ പറയുന്നു.
തുറവൂർ ചാവടി ബീനാ സദനത്തിൽ അഡ്വ.ഡി.ബി.ബിനുവിന്റേയും ബിന്നിയുടേയും ഏക മകളാണ് നിരുപമ.

Thursday, June 27, 2013

സാവിത്രി സോമൻ 53-ാം വയസ്സിലും കവിത കുത്തിക്കുറിക്കുകയാണ്:

കാക്കത്തുരുത്തെന്ന കൊച്ചു ദ്വീപിൽ താമസിക്കുന്ന സാവിത്രി സോമൻ വെറുമൊരു വീട്ടമ്മയല്ല;53-ാം വയസ്സിലും കവിത കുത്തിക്കുറിക്കുകയാണ്.നൂറിനുമേൽ കവിതകളാണ് ഇതിനോടകം ഇവർ എഴുതിത്തീർത്തത്.വലിയ ഭാഷാപാണ്ഡിത്ത്യമോ വിദ്യാഭ്യാസമോ വായനാശീലമോ അവകാശപ്പെടാനില്ലാത്ത തനി നാട്ടുംപുറത്തുകാരിയായ ഈ അമ്മ ഏറെക്കാലമായി കവിതയുടെ ലോകത്താണ്.വായിച്ചാലേ എഴുതാൻ പറ്റൂ എന്നു പറയുന്നവരോട് വായിക്കാതെതന്നെ ഞാൻ നൂറിലേറെ കവിതകൾ എഴുതിയല്ലോ എന്നാവും കാക്കത്തരുത്തിന്റെ സ്വന്തം കവയത്രിയുടെ മറുപടി.

സാവിത്രി സോമൻ കാക്കത്തരുത്തിന്റെ മരുമകളായെത്തിയിട്ട് 38 വർഷങ്ങൾ കഴിഞ്ഞു.കർഷകനായ തോപ്പിൽവീട്ടിൽ സോമന്റെ ഭാര്യയാണ്.പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിത്തുടങ്ങിയതെന്ന് ഇവർ ഓർക്കുന്നു.ആയിടയ്ക്കാണ് അന്വയം എന്ന ചെറുനാടകമെഴുതി അതിൽ പ്രധാന അദ്ധ്യാപികയുടെ വേഷത്തിൽ അരങ്ങിലെത്തിയത്.തന്റെ കാഴ്ചകളാണ് പലപ്പോഴും കവിതകളായി പിറക്കുന്നതെന്ന് പറയുന്ന സാവിത്രി കവിതയെഴുതാൻ പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല.പദാനുപദങ്ങളായി,അനർഗ്ഗളമായി വരികൾ ഹൃദയത്തിൽനിന്നും ഒഴുകിയെത്തുകയാണ്.സ്വയം സംഗീതം നൽകിയാണ് കവിതാ രചന.
കവിതാ രചനയിലെ ഈ പ്രത്യേക സിദ്ധിയാവാം സാവിത്രിയെ 2013 ലെ അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡിന് അർഹയാക്കിയത്.ഇക്കഴിഞ്ഞ വിഷുദിനത്തിൽ തിരുവനന്തപുരം പാളയത്തെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ഗവർണ്ണർ നിഖിൽ കുമാർ പുരസ്ക്കാരവും തിരുവനന്തപുരം മേയർ അഡ്വ.കെ.ചന്ദ്രിക മഹാത്മാ ഫൂലേ നാഷണൽ എക്സലൻസ് അവാർഡും സാവിത്രിയ്ക്ക് സമ്മാനിച്ചു.അതോടൊപ്പം ഡൽഹിൽ നടന്ന ഓൾ ഇൻഡ്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി-എസ്.ടി ഓർഗനൈസേഷന്റെ പരിപാടിയിൽ തന്റെ സ്വന്തം കവിത സംഗീതവൽക്കരിച്ച് പാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചതും വലിയ ഭാഗ്യമായി ഈ കലാകാരി കരുതുന്നു.
2010 ലാണ് സാവിത്രിയുടെ ആദ്യ കവിതാ സമാഹാരമായ താളം തെറ്റിയ ജീവിതങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.41 കവിതകളാണ് ഇതിന്റെ ഉള്ളടക്കം.പുസ്തകത്തിന്റെ അവതാരിക എഴുതി നൽകിയത് കവി ചന്തിരൂർ ദിവാകരനാണ്.പ്രകാശന സമ്മേളനമാകട്ടെ ദ്വീപുനിവാസികൾ ഒരുത്സവമാക്കിത്തീർത്തു.2010 ഓഗസ്റ്റ് 16 നായിരുന്നു അത്.കാക്കത്തുരുത്ത് കടവിൽ ചേർന്ന സമ്മേളനത്തിൽ കവികളും കലാകാരന്മാരുമുൾപ്പടെ 150 ഓളം പേർ പങ്കെടുത്തു.അരൂർ എം.എൽ.എ അഡ്വ.എ.എം.ആരിഫാണ് ഉദ്ഘാടകനായെത്തിയത്.
കവിതകൾക്കൊപ്പം ഭക്തിഗാനങ്ങൾ,ഒപ്പനപ്പാട്ടുകൾ,പാരഡി ഗാനങ്ങൾ എന്നിവയും സാവിത്രി രചിച്ചിട്ടുണ്ട്.കൂടാതെ അഞ്ചോളം കഥകളും സാവിത്രിയുടേതായിട്ടുണ്ട്.കൂടാതെ നാല് ചെറുകഥകളടങ്ങിയ നിമിഷത്തിലെത്തിയ വസന്തമെന്ന കഥാസമാഹാരവും പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
പല കവിതകളും ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.മദ്യത്തിനും മയുമരുന്നിനുമെതിരെയുള്ള സന്ദേശമാണ് ലഹരിയുടെ ദൂഷ്യം എന്ന കവിതയുടെ ഇതിവൃത്തം.അതുപോലെതന്നെ യേശുദേവനെക്കുറിച്ചും ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും സാവിത്രി കവിതകൾ രചിച്ചിട്ടുണ്ട്.
ഭർത്താവ് സോമനും മക്കളുമാണ് തന്റെ കലാപ്രവർത്തനിന് എന്നും പ്രോത്സാഹനം നൽകിയിട്ടുള്ളതെന്ന് സാവിത്രി പറയുന്നു.ആദ്യം അവർക്കുമുന്നിലാണ് കവിതകളും കഥകളും അവതരിപ്പിക്കുക.അവരുടെ അഭിപ്രായം മാനിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തും.
ഒരു കലാകാരിയായി മാത്രം ഒതുങ്ങുകയല്ല,സാവിത്രി.മികച്ച സംഘാടകകൂടിയാണിവർ.അഖില കേരള കലാകാര ക്ഷേമ സമിതി,പിറവി സാംസ്ക്കാരിക സംഘടന,സർഗ്ഗതീരം,കവിമൊഴി,ചാവറ കൾച്ചറൽ സെന്റർ എന്നീസംഘടനകളിലെ സജീവ പ്രവർത്തകയാണിവർ.കൂടാതെ വടക്കനേഴത്ത് ദേവീക്ഷേത്രം പ്രസിഡന്റ്,സെക്രട്ടറി എന്നീനിലകളിലും സോഷ്യൽ സർവ്വീസ് സൊസൈറ്റി,കുടുംബശ്രീ,ഹെൽത്ത് ഇൻഡ്യ എന്നീ സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്.കാക്കത്തുരുത്ത് 5919-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ കൺവീനർകൂടിയാണ് ഈ 53 കാരി.
ലളിതമോഹനമായ കവിതകളിൽ ഭാവനയുടെ ചിറകുവിടർത്തി പറന്നുപോകുന്ന സാവിത്രിയെന്ന ചിത്രശലഭത്തെ എങ്ങനെയാണ് കണ്ടില്ലെന്നു നടിക്കാനാവുക.
സുകന്യ,സാജൻ,സാജു എന്നിവർ മക്കളും മധു,സിജി,ജിഷ എന്നിവർ മരുമക്കളുമാണ്.ഫോൺ:92492 80550

കാക്കത്തുരുത്തുകാരുടെ സ്വപ്നം പൂവണിയുമോ ?

എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തു ദ്വീപിൽ 350 കുടുംബങ്ങളാണുള്ളത്.യാത്രാസൗകര്യങ്ങളില്ല.നാലുവശവും വെള്ളത്താൽച്ചുറ്റപ്പെട്ട ദ്വീപുനിവാസികളുടെ ഏക യാത്രാ വാഹനം ജലയാനങ്ങളാണ്. എന്തിനും ഏതിനും ഇവർക്ക് കായൽ കടന്ന് എരമല്ലൂരിലെത്തണം.ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രിയോ ഇല്ല.ആകെയുള്ളത് ഒരു സർക്കാർ ആയൂർവ്വേദ ആശുപത്രിയും അങ്കണവാടിയും മാത്രം.ഇവരുടെ റേഷൻകടയും എരമല്ലൂരിലാണ്.
എരമല്ലൂരിലെ വിദ്യാലയങ്ങളിലേക്ക് രാവിലെ കുട്ടികൾ പോയാൽ അവർ തിരികെ എത്തുംവരെ അമ്മമാർക്ക് നെഞ്ചിൽ തീയാണ്.പ്രതികൂല കാലാവസ്ഥയിൽ വഞ്ചിയിലെ യാത്രയും ദുഷ്ക്കരമാകും.
കാക്കത്തുരുത്തു പാലം യാഥാർത്ഥ്യമായാൽ ദ്വീപുനിവാസികളുടെ ചിരകാലസ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുക.മാസങ്ങൾക്കുമുമ്പ് പൊതുമരാമത്തുവകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുട്ടിയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.ഒരുമാസം പിന്നിട്ടപ്പോൾത്തന്നെ തൊഴിൽത്തർക്കംമൂലം പണി മുടങ്ങി.ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ച് പാലംപണി ദ്രുതഗതിയിൽ മുന്നേറുന്നതിനിടയിൽ സ്വകാര്യ വ്യക്തി പാലത്തിനുവേണ്ടി തനിക്ക് 20 സെന്റ് ഭൂമി നഷ്ടമാകുമെന്നുകാട്ടി കോടതിയെ സമീപിച്ചു.അതോടെ പണി വീണ്ടും സ്തംഭിച്ചു.
തങ്ങളുടെ വലിയൊരു സ്വപ്ന പദ്ധതി നഷ്ടമാകുന്നത് വൃഥാ നോക്കിനിൽക്കാൻ ദ്വീപുനിവാസികൾക്ക് കഴിയുമായിരുന്നില്ല.ദ്വീപിലെ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്ന കായലിൽ തീർത്ത മനുഷ്യച്ചങ്ങലയായിരുന്നു സമരമുറ.ഈ സമരത്തിൽ ദ്വീപുനിവാസികൾക്കൊപ്പം എരമല്ലൂരിലെ വലിയൊരുവിഭാഗം ജനങ്ങളും അണിചേർന്നു.സമരം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സ്ഥലം നൽകേണ്ട സ്വകാര്യവ്യക്തിയുടെ മനസ്സലിഞ്ഞില്ല.
ഇതിനിടയിൽ തടസ്സവാദമുയർത്തിയ സ്വകാര്യ വ്യക്തിയുമായി പലവട്ടം ചർച്ച നടത്തി.ഒടുവിൽ സർക്കാരിൽനിന്നും അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷൻ ലഭിച്ചാൽ സ്ഥലം വിട്ടുനൽകാമെന്നു സമ്മതിച്ചു.അതോടൊപ്പം തണ്ണിർത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുവാദവും ലഭ്യമാക്കാനുള്ള ശ്രമങ്ങളും അഡ്വ.എ.എം.ആരിഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.ഒപ്പം നിർമ്മാണ പ്രദേശത്തെ ജപ്പാൻ കുടിവെള്ള പൈപ്പും മാറ്റി സ്ഥപിക്കേണ്ടതുണ്ട്.അടുത്ത ഒരുമാസത്തിനുള്ളിൽത്തന്നെ പാലംപണി പുനരാരംഭിക്കാൻ കഴിയുന്ന തരത്തിൽ നടപടികൾ ക്രമീകരിച്ചതായി എം.എൽ.എ അറിയിച്ചു.
നാലുകോടി രൂപയാണ് നിർമ്മാണച്ചിലവു പ്രതീക്ഷിക്കുന്നത്.കായലിലും കരയിലുമായി എട്ടു തൂണുകൾ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്.പാലത്തിന്റെ അവസാന തൂണുകൾ സ്ഥാപിക്കേണ്ടത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്.20 സെന്റു ഭൂമി ഇതിനുവേണ്ടി സ്വകാര്യ വ്യക്തിക്ക് നഷ്ടമാകും.പാലം നിർമ്മാണത്തിന് നാലുകോടിരൂപ അനുവദിച്ചെങ്കിലും സ്ഥലം അക്വയർ ചെയ്യാൻ പ്രാരംഭ ഘട്ടത്തിൽ തുക അനുവദിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.നഷ്ടമാകുന്ന ഭൂമിയുടെ ന്യായമായ വില നൽകി പ്രശ്നം പരിഹരിക്കുന്നതിലൂടെ ദ്വീപുനിവാസികൾക്ക് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ലഭ്യമാകുന്നത്;ഒപ്പം വലിയൊരു സ്വപ്നവും.