Monday, April 14, 2014

വിഷു

                                                   
പകലും രാത്രിയും സമമായി വരുന്ന അവസ്ഥയാണ് വിഷു.സൂര്യൻ മീനം രാശിയിൽനിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്ന പ്രത്യേകതയും വിഷു ദിനത്തിനുണ്ട്.ഇതെല്ലാം ശബ്ദതാരാവലിയിലെ വിഷു ദിനത്തിനുള്ള നിർവ്വചനങ്ങളാണ്. എന്നാലൽ കേരളീയർക്ക് ഇതിനെല്ലാം അപ്പുറത്തുള്ള കാല്പനികമായ ഒരാഘോഷമാണ്. വിഷുപ്പുലരിയിലെ കൈനീട്ടത്തേയും കണിയേയും ആശ്രയിച്ച് അടുത്ത ഒരു വർഷത്തെ ഗുണദോഷ ഫലങ്ങളെ വിലയിരുത്തുന്നവർ ഇന്ന് നമ്മുടെയിടയിൽ ഭൂരിപക്ഷമാണ്. അകവും പുറവും ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് കണിവെള്ളരിക്കൊപ്പം കുളിർമ്മ പൊഴിക്കുന്ന ഈ ആഘോഷവും മറ്റെല്ലാ ആഘോഷവും പോലെ കച്ചവടമായിക്കഴിഞ്ഞു. തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരുന്ന വെള്ളരിക്കയും പഴവർഗ്ഗങ്ങളും ഓട്ടുരുളിയിൽവച്ച് , വിലകൊടുത്ത് വാങ്ങുന്ന നാലഞ്ചിതൾ കണിക്കൊന്ന പൂക്കൾകൊണ്ട് അലങ്കരിച്ച് കേരളീയർ കാണുന്ന വിഷുക്കണിക്ക് ഇന്ന് മലയാളത്തനിമ തീരെയില്ല. ഉഗ്ര സ്ഫോടന ശേഷിയുള്ള പടക്കങ്ങളും അമിട്ടുകളും മധുരമുള്ള ഒരു തെരുവിനെ കത്തിച്ചുകളയുന്നതിന്റെ ദൃശ്യങ്ങളായിരിക്കാം ഒരുപക്ഷെ നാളത്തെ തലമുറ വിഷുവെന്നു കേള്‍ക്കുമ്പോൾ മനസ്സിൽ കൊണ്ടുവരുന്നത്.
പക്ഷെ മുതിർന്ന തലമുറ മേടത്തിന്റെ മടിയിൽ പിറന്ന വിഷുപ്പുലരിക്ക് ധാരാളം അർത്ഥതലങ്ങളും ദൃശ്യങ്ങളും കൽപ്പിച്ചുകൊടുത്തിട്ടുണ്ട്.വേനൽക്കാല അവധിക്ക് സംഘം ചേരുന്ന കുട്ടികൾ മാസങ്ങൾക്കുമുമ്പേ തുടങ്ങും കണിയൊരുക്കാൻ.കമ്പും ചുള്ളിയുംകൊണ്ട് ചെറു കൂടാരങ്ങൾ തീർത്ത് മനോഹരമായി അലങ്കരിച്ച് ഓടക്കുഴലൂതുന്ന പീലിക്കണ്ണന്റെ ചിത്രവും വച്ച് അതിനുമുന്നിൽ നിറകണിയൊരുക്കി കൃഷ്ണഗാനങ്ങളും പാടി ഇടവഴികളും തോടുകളും പിന്നിട്ട് ഓരോ വീടുകളും കയറിയിറങ്ങി കണികാട്ടുമ്പോൾ കിട്ടുന്ന ചില്ലറത്തുട്ടുകളുടെ ലാഭനഷ്ടങ്ങളായിരുന്നില്ല അന്നത്തെ കുട്ടികളുടെ വിഷു സ്മരണ.മറിച്ച്, കണിയൊരുക്കാനുള്ള പങ്കപ്പാടുകളും കൂടാരവും ചുമന്ന് കൊട്ടിപ്പാടി നടക്കുന്നതിലെ കാൽപ്പനിക അനുഭവവും ഒരു വർഷത്തെ ഫലം മുഴുവൻ ഈ കൂടാരത്തിലെ കാഴ്ചയിലാണെന്ന സുന്ദരമായ സങ്കൽപ്പവും സർവ്വോപരി ആ കൂട്ടായ്മയുടെ വേനൽ സ്മൃതിയും മറ്റുമാണ് അന്നത്തെ കുട്ടികൾക്ക് ലഭിച്ചിരുന്ന ഏറ്റവും വലിയ കൈനീട്ടങ്ങൾ.
ഉത്തരേന്ത്യയിലെ പോലെ പടക്കങ്ങൾ പൊട്ടിച്ച് ആനന്ദിക്കുന്ന ആഘോഷങ്ങൾ നമുക്ക് കുറവാണ്.എന്നാൽ വിഷു അതിൽനിന്നും വേറിട്ടു നിൽക്കുന്നു.ലാത്തിരിയും കമ്പിത്തിരിയും പൂത്തിരിയും മറ്റും കത്തിച്ച് ആഘോഷിക്കുന്ന വിഷു കുട്ടികളുടേതു മാത്രമാണെന്ന് അവർ വിചാരിക്കുമ്പോൾ കൈനീട്ടം കൊടുക്കാൻ അധികാരമുള്ള മുതിർന്നവരുടേതാണെന്ന് അവരും വിചാരിക്കുന്നു.ചുരുക്കത്തിൽ എല്ലാവരുടേയും പൊതു ആഘോഷം തന്നെ വിഷു.
തൊടിയിൽ നിന്നും പെറുക്കിക്കൂട്ടുന്ന കശുഅണ്ടികൾ സംഭരിച്ചുവച്ച് വിഷുത്തലേന്നാൾ ചുട്ടുതല്ലി അവ വിഷുക്കഞ്ഞിയിൽ ചേർത്ത് കഴിക്കുമ്പോൾ ലഭിച്ചിരുന്ന രുചി ഇപ്പോഴത്തെ വിഷുക്കഞ്ഞിക്കുണ്ടോയെന്ന് അനുഭവത്തിന്റെ നാവാണ് പറയേണ്ടത്.വലിയ ബദ്ധപ്പാടില്ലാതെ കടയിൽ നിന്നും കശുഅണ്ടി പായ്ക്കറ്റുകൾ വാങ്ങി വിലയേറിയ സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് ഇന്നു നാം വിഷുക്കഞ്ഞി തയ്യാറാക്കുന്നുണ്ടാകാം.പക്ഷെ,അനുഭവത്തിന്റെ രുചി കടയിൽനിന്നും കിട്ടില്ലല്ലോ.
തിന്മയുടെമേൽ നന്മ വിജയം കൈവരിച്ച ചില കഥകൾ വിഷുവിനെ ആധാരമാക്കി പറയാറുണ്ട്.അതുപോലെ കേരളീയരുടെ കാർഷികോത്സവമെന്നും വിഷുവിനെ ഘോഷിക്കുന്നു.പക്ഷെ,നന്മയ്ക്കുമേൽ ഇന്ന് നിരന്തരം തിന്മ വിജയിക്കുകയാണ്.മലയാളിയാകട്ടെ ഏറെക്കുറെ കാർഷിക വൃത്തി മറന്നും കഴിഞ്ഞു.
എങ്കിലും വിഷു നമുക്ക് വലിയ ആഘോഷമാണ്.അതിന്റെ മാറ്റ് കൊന്നപ്പൂക്കളെപ്പോലെ അമൂല്യമാണ്.പ്രദേശത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിഷുപ്പുലരിയിൽ ഭക്തർ നിറയുന്നു; കാർവർണ്ണനെ കണികണ്ട് സായൂജ്യമടയാൻ.വിഷുവിന് തനതായ ആഘോഷങ്ങളൊന്നും നമ്മുടെ ജില്ലയ്ക്കില്ല.എങ്കിലും ഗ്രാമത്തിന്റെ സ്വഭാവം ഇവിടെ ഉടനീളമുള്ളതിനാൽ വിഷുക്കാഴ്ചയുടെ മനോഹാരിതയ്ക്ക് ഒട്ടും കുറവു സംഭവിച്ചിട്ടില്ല.         
                      


                                        

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..