Thursday, June 27, 2013

കാക്കത്തുരുത്തുകാരുടെ സ്വപ്നം പൂവണിയുമോ ?

എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തു ദ്വീപിൽ 350 കുടുംബങ്ങളാണുള്ളത്.യാത്രാസൗകര്യങ്ങളില്ല.നാലുവശവും വെള്ളത്താൽച്ചുറ്റപ്പെട്ട ദ്വീപുനിവാസികളുടെ ഏക യാത്രാ വാഹനം ജലയാനങ്ങളാണ്. എന്തിനും ഏതിനും ഇവർക്ക് കായൽ കടന്ന് എരമല്ലൂരിലെത്തണം.ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രിയോ ഇല്ല.ആകെയുള്ളത് ഒരു സർക്കാർ ആയൂർവ്വേദ ആശുപത്രിയും അങ്കണവാടിയും മാത്രം.ഇവരുടെ റേഷൻകടയും എരമല്ലൂരിലാണ്.
എരമല്ലൂരിലെ വിദ്യാലയങ്ങളിലേക്ക് രാവിലെ കുട്ടികൾ പോയാൽ അവർ തിരികെ എത്തുംവരെ അമ്മമാർക്ക് നെഞ്ചിൽ തീയാണ്.പ്രതികൂല കാലാവസ്ഥയിൽ വഞ്ചിയിലെ യാത്രയും ദുഷ്ക്കരമാകും.
കാക്കത്തുരുത്തു പാലം യാഥാർത്ഥ്യമായാൽ ദ്വീപുനിവാസികളുടെ ചിരകാലസ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുക.മാസങ്ങൾക്കുമുമ്പ് പൊതുമരാമത്തുവകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുട്ടിയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.ഒരുമാസം പിന്നിട്ടപ്പോൾത്തന്നെ തൊഴിൽത്തർക്കംമൂലം പണി മുടങ്ങി.ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ച് പാലംപണി ദ്രുതഗതിയിൽ മുന്നേറുന്നതിനിടയിൽ സ്വകാര്യ വ്യക്തി പാലത്തിനുവേണ്ടി തനിക്ക് 20 സെന്റ് ഭൂമി നഷ്ടമാകുമെന്നുകാട്ടി കോടതിയെ സമീപിച്ചു.അതോടെ പണി വീണ്ടും സ്തംഭിച്ചു.
തങ്ങളുടെ വലിയൊരു സ്വപ്ന പദ്ധതി നഷ്ടമാകുന്നത് വൃഥാ നോക്കിനിൽക്കാൻ ദ്വീപുനിവാസികൾക്ക് കഴിയുമായിരുന്നില്ല.ദ്വീപിലെ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്ന കായലിൽ തീർത്ത മനുഷ്യച്ചങ്ങലയായിരുന്നു സമരമുറ.ഈ സമരത്തിൽ ദ്വീപുനിവാസികൾക്കൊപ്പം എരമല്ലൂരിലെ വലിയൊരുവിഭാഗം ജനങ്ങളും അണിചേർന്നു.സമരം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സ്ഥലം നൽകേണ്ട സ്വകാര്യവ്യക്തിയുടെ മനസ്സലിഞ്ഞില്ല.
ഇതിനിടയിൽ തടസ്സവാദമുയർത്തിയ സ്വകാര്യ വ്യക്തിയുമായി പലവട്ടം ചർച്ച നടത്തി.ഒടുവിൽ സർക്കാരിൽനിന്നും അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷൻ ലഭിച്ചാൽ സ്ഥലം വിട്ടുനൽകാമെന്നു സമ്മതിച്ചു.അതോടൊപ്പം തണ്ണിർത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുവാദവും ലഭ്യമാക്കാനുള്ള ശ്രമങ്ങളും അഡ്വ.എ.എം.ആരിഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.ഒപ്പം നിർമ്മാണ പ്രദേശത്തെ ജപ്പാൻ കുടിവെള്ള പൈപ്പും മാറ്റി സ്ഥപിക്കേണ്ടതുണ്ട്.അടുത്ത ഒരുമാസത്തിനുള്ളിൽത്തന്നെ പാലംപണി പുനരാരംഭിക്കാൻ കഴിയുന്ന തരത്തിൽ നടപടികൾ ക്രമീകരിച്ചതായി എം.എൽ.എ അറിയിച്ചു.
നാലുകോടി രൂപയാണ് നിർമ്മാണച്ചിലവു പ്രതീക്ഷിക്കുന്നത്.കായലിലും കരയിലുമായി എട്ടു തൂണുകൾ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്.പാലത്തിന്റെ അവസാന തൂണുകൾ സ്ഥാപിക്കേണ്ടത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്.20 സെന്റു ഭൂമി ഇതിനുവേണ്ടി സ്വകാര്യ വ്യക്തിക്ക് നഷ്ടമാകും.പാലം നിർമ്മാണത്തിന് നാലുകോടിരൂപ അനുവദിച്ചെങ്കിലും സ്ഥലം അക്വയർ ചെയ്യാൻ പ്രാരംഭ ഘട്ടത്തിൽ തുക അനുവദിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.നഷ്ടമാകുന്ന ഭൂമിയുടെ ന്യായമായ വില നൽകി പ്രശ്നം പരിഹരിക്കുന്നതിലൂടെ ദ്വീപുനിവാസികൾക്ക് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ലഭ്യമാകുന്നത്;ഒപ്പം വലിയൊരു സ്വപ്നവും. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..