Wednesday, May 7, 2014

വ്യക്തി വൈരാഗ്യം :വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചു

അരൂർ: പഞ്ചായത്ത് അംഗത്തിന്റെ വ്യക്തി വൈരാഗ്യം മൂലം വിധവയായ വീട്ടമ്മയ്ക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി.എഴുപുന്ന പഞ്ചായത്ത് 16-ാം വാർഡിൽ ഐ.എച്ച്.ഡി.പി കോളനിയിലെ കൊച്ചുതൈക്കണ്ടത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ നാരായണിക്കാണ് പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച കുടിവെള്ള പൈപ്പ് കണക്ഷൻ നിരോധിച്ചത്.
കോളനിയിൽ നാരായണി ഒഴികെ മറ്റെല്ലാവർക്കും രണ്ടു ഘട്ടങ്ങളിലായി 50 പേർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് നൽകിയ പട്ടിക പ്രകാരം ചേർത്തല വാട്ടർ അതോറിട്ടിക്ക് അപേക്ഷ നൽകിയിരുന്നു.എന്നാൽ ഈ രണ്ടു പട്ടികയിൽനിന്നും നാരായണിയുടെ പേര് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും ലഭ്യമായ രേഖയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതായി നാരായണി പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 16-ാം വാർഡിൽ നാരായണിയുടെ മകളും സ്വതന്ത്ര സ്ഥാനാർത്ഥിയായി വാർഡ് അംഗത്തിനൊപ്പം മത്സരിച്ചിരുന്നു.എന്നാൽ തന്നെ തോൽപ്പിക്കാനാണ് മകളെ മത്സരിപ്പിച്ചതെന്നാണ് വാർഡ് അംഗത്തിന്റെ ആരോപണം.ഈ വൈരാഗ്യമാണ് തനിക്കുമാത്രം കുടിവെള്ളം നിരോധിക്കാൻ കാരണമെന്ന് നാരായണി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കുടിവെള്ളം ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഉടനെ കിട്ടുമെന്ന മറുപടിയാണ് പഞ്ചായത്ത് അംഗത്തിൽ നിന്നും ലഭിച്ചത്.എന്നാൽ ഇതു സംബന്ധിച്ച വിവരാവകാശ രേഖ പരിശോധിച്ചപ്പോഴാണ് ലിസ്റ്റിൽ നാരായണി ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.തന്നോട് കാട്ടിയത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്നും ഈ നീതി നിഷേധത്തിനെതിരെ പട്ടികജാതി - പട്ടികവർഗ്ഗ പീഢന നിയമപ്രകാരം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നാരായണി കളക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അരൂർ: മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ചന്തിരൂരിൽ പ്രവർത്തിച്ചിരുന്ന അനധികൃത മാംസാവശിഷ്ട സംസ്ക്കരണ കേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു.അറവുശാലകളിൽനിന്നും ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങൾ ശുചീകരിച്ച് ഉണക്കി ചൈനയിലേക്ക് കയറ്റി അയയ്ക്കുന്ന ചന്തിരൂർ പഴയ പാലത്തിനു സമീപം പ്രവർത്തിക്കുന്ന കേന്ദ്രമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേർന്ന് മിന്നൽ പരിശോധന നടത്തി അടച്ചുപൂട്ടിയത്.
ഭക്ഷണ യോഗ്യമല്ലാത്തതും അറവുശാലകലിൽ നിന്നും ഉപേക്ഷിക്കുന്നതുമായ കന്നുകാലികലുടെ ഞരമ്പ്,തൊലി തിടങ്ങിയ മാംസാവശിഷ്ടങ്ങൾ ഉണക്കി മറ്റു സംസ്ക്കരണ പ്രക്രിയകൾക്കുശേഷം ഉരുളകളാക്കി ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നത്.ഇതിന് പഞ്ചായത്തിന്റേയോ,മലിനീകരണ നിയന്ത്രണ ബോർഡിന്റേയോ രേഖാമൂലമുള്ള യാതൊരു സമ്മതപത്രവും കിട്ടിയിട്ടില്ല.അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കയറ്റുമതി കേന്ദ്രത്തിൽ നിന്നും രൂക്ഷമായ ദുർഗ്ഗന്ധം വമിച്ചതിനെത്തുടർന്നാണ് നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിച്ചത്.തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ഗോപാലകൃഷ്ണൻ,കെ.ആർ.ചന്ദ്രബോസ് എന്നിവർ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിൽ പുഴുവരിച്ചനിലയിൽ മാംസാവശിഷ്ടങ്ങൾ കണ്ടെത്തി.ഇത് രൂക്ഷമായ നലിനീകരണവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നവയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പഞ്ഞു. പുഴുവരിച്ചനിലയിൽ കണ്ടെത്തിയ മാംസാവശിഷ്ടങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ കുഴിച്ചുമൂടി കേന്ദ്രം അടച്ചുപൂട്ടി സീൽ ചെയ്തു.