Wednesday, June 26, 2013


കേരളത്തിൽ ഏറ്റവും കൂടുതൽ കുഴികളുള്ള പാലമേത്...........?.ഇങ്ങനെയൊരു ചോദ്യം ഏതെങ്കിലും പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് നേരിടേണ്ടിവന്നാൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല.പറഞ്ഞു വരുന്നത് അരൂർ-കുമ്പളം പാലത്തിന്റെ കാര്യം തന്നെ.ഏറ്റവും കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ തവണ അറ്റകുറ്റപ്പണികൾ നടത്തിയ പാലം എന്ന അപഖ്യാതിയും ഈ പാലത്തിനു സ്വന്തം....!
1987-ൽ ഗതാഗതത്തിനു തുറന്നു കൊടുത്ത പാലം ഏറെ വൈകാതെ,കൃത്യമായി പറഞ്ഞാൽ 1988 ജൂൺ മാസത്തിൽത്തന്നെ പ്ളാറ്റ് ഫോം തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.സുഗമമായ യാത്രയും എത്രയും പെട്ടെന്ന് എറണാകുളത്തെത്താമെന്ന നാട്ടുകാരുടെ സ്വപ്നവും വൃഥാവിലായി.എണ്ണിയാൽ തീരാത്ത കുഴികളുമായി യാത്രക്കാരുടെ നടു ഒടിക്കുന്ന സഞ്ചാര സൗഖ്യവും സമ്മാനിച്ച് പാലം ഇക്കുറിയും കാലവർഷത്തിന്റെ വരവോടെ കുഴികളുടെ നിറ സാഹ്നിദ്ധ്യമായി മാറി.

മുൻപ് പുതിയ സമാന്തരപ്പാലം ഗതാഗതത്തിനു തുറന്നപ്പോൾ പഴയപാലം നവീകരിക്കുന്നതിനേക്കുറിച്ച് അധികൃതർ ആലോചിച്ചിരുന്നുവെങ്കിലും പുനർനിമ്മാണ പ്രകിയ അനന്തമായി നീണ്ടുപോയി.ഒടുവിൽ വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ അറ്റകുറ്റപ്പണികൾക്കായി പാലം ഇരുവശവും അടച്ചുകെട്ടി ഗതാഗതം നിരോധിച്ചതല്ലാതെ മറ്റൊരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയില്ല.പിന്നീട് ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടർന്നാണ് ഒരു മാസത്തിനു ശേഷം അധികൃതർ അറ്റകുറ്റപ്പണികൾ നടത്താൻ നിർബ്ബന്ധിതരായത്.
പൊട്ടിപ്പൊളിഞ്ഞ പാലത്തിലെ ടാർ മിശ്രിതം പൂർണ്ണമായി നീക്കം ചെയ്ത് ഉടഞ്ഞ കോൺക്രീറ്റ് പ്രതലങ്ങളും നീക്കി ബിറ്റുമിൻ സിമന്റ് ഉപയോഗിച്ച് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാവും ദീർഘനാൾ ഈടുനിൽക്കുന്ന പാലത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നായിരുന്നു ദേശീയ പാത അധികൃതർ പറഞ്ഞിരുന്നത്.പ്രഖ്യാപനം കഴിഞ്ഞ് അധികൃതർ മടങ്ങിയതിനു തൊട്ടു പിന്നാലെ പാലം വീണ്ടും തകർന്ന് തരിപ്പണമായി.ഇതോടെ പ്രസംഗത്തിലെ ആത്മാർത്ഥത പ്രവർത്തിയിലില്ലെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായി.
പണിയുംതോറും തകരുന്ന പാലത്തിനുവേണ്ടിയുള്ള മുറവിളിക്ക് പുതുമയില്ലാതായതോടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതെങ്ങനെയെന്ന ആലോചനയിലാണ് ജനങ്ങൾ.വർഷകാലം തീരുന്നതുവരെ പാലത്തിലെ കുഴികളിൽ വിത്തുപാകി പച്ചക്കറി കൃഷി നടത്തിയാലും അതും സമരത്തിലെ വ്യത്യസ്തതയായി കണക്കാക്കാം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..