Thursday, June 27, 2013

കാക്കത്തുരുത്തുകാരുടെ സ്വപ്നം പൂവണിയുമോ ?

എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തു ദ്വീപിൽ 350 കുടുംബങ്ങളാണുള്ളത്.യാത്രാസൗകര്യങ്ങളില്ല.നാലുവശവും വെള്ളത്താൽച്ചുറ്റപ്പെട്ട ദ്വീപുനിവാസികളുടെ ഏക യാത്രാ വാഹനം ജലയാനങ്ങളാണ്. എന്തിനും ഏതിനും ഇവർക്ക് കായൽ കടന്ന് എരമല്ലൂരിലെത്തണം.ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രിയോ ഇല്ല.ആകെയുള്ളത് ഒരു സർക്കാർ ആയൂർവ്വേദ ആശുപത്രിയും അങ്കണവാടിയും മാത്രം.ഇവരുടെ റേഷൻകടയും എരമല്ലൂരിലാണ്.
എരമല്ലൂരിലെ വിദ്യാലയങ്ങളിലേക്ക് രാവിലെ കുട്ടികൾ പോയാൽ അവർ തിരികെ എത്തുംവരെ അമ്മമാർക്ക് നെഞ്ചിൽ തീയാണ്.പ്രതികൂല കാലാവസ്ഥയിൽ വഞ്ചിയിലെ യാത്രയും ദുഷ്ക്കരമാകും.
കാക്കത്തുരുത്തു പാലം യാഥാർത്ഥ്യമായാൽ ദ്വീപുനിവാസികളുടെ ചിരകാലസ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുക.മാസങ്ങൾക്കുമുമ്പ് പൊതുമരാമത്തുവകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുട്ടിയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.ഒരുമാസം പിന്നിട്ടപ്പോൾത്തന്നെ തൊഴിൽത്തർക്കംമൂലം പണി മുടങ്ങി.ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ച് പാലംപണി ദ്രുതഗതിയിൽ മുന്നേറുന്നതിനിടയിൽ സ്വകാര്യ വ്യക്തി പാലത്തിനുവേണ്ടി തനിക്ക് 20 സെന്റ് ഭൂമി നഷ്ടമാകുമെന്നുകാട്ടി കോടതിയെ സമീപിച്ചു.അതോടെ പണി വീണ്ടും സ്തംഭിച്ചു.
തങ്ങളുടെ വലിയൊരു സ്വപ്ന പദ്ധതി നഷ്ടമാകുന്നത് വൃഥാ നോക്കിനിൽക്കാൻ ദ്വീപുനിവാസികൾക്ക് കഴിയുമായിരുന്നില്ല.ദ്വീപിലെ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്ന കായലിൽ തീർത്ത മനുഷ്യച്ചങ്ങലയായിരുന്നു സമരമുറ.ഈ സമരത്തിൽ ദ്വീപുനിവാസികൾക്കൊപ്പം എരമല്ലൂരിലെ വലിയൊരുവിഭാഗം ജനങ്ങളും അണിചേർന്നു.സമരം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സ്ഥലം നൽകേണ്ട സ്വകാര്യവ്യക്തിയുടെ മനസ്സലിഞ്ഞില്ല.
ഇതിനിടയിൽ തടസ്സവാദമുയർത്തിയ സ്വകാര്യ വ്യക്തിയുമായി പലവട്ടം ചർച്ച നടത്തി.ഒടുവിൽ സർക്കാരിൽനിന്നും അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷൻ ലഭിച്ചാൽ സ്ഥലം വിട്ടുനൽകാമെന്നു സമ്മതിച്ചു.അതോടൊപ്പം തണ്ണിർത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുവാദവും ലഭ്യമാക്കാനുള്ള ശ്രമങ്ങളും അഡ്വ.എ.എം.ആരിഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.ഒപ്പം നിർമ്മാണ പ്രദേശത്തെ ജപ്പാൻ കുടിവെള്ള പൈപ്പും മാറ്റി സ്ഥപിക്കേണ്ടതുണ്ട്.അടുത്ത ഒരുമാസത്തിനുള്ളിൽത്തന്നെ പാലംപണി പുനരാരംഭിക്കാൻ കഴിയുന്ന തരത്തിൽ നടപടികൾ ക്രമീകരിച്ചതായി എം.എൽ.എ അറിയിച്ചു.
നാലുകോടി രൂപയാണ് നിർമ്മാണച്ചിലവു പ്രതീക്ഷിക്കുന്നത്.കായലിലും കരയിലുമായി എട്ടു തൂണുകൾ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്.പാലത്തിന്റെ അവസാന തൂണുകൾ സ്ഥാപിക്കേണ്ടത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്.20 സെന്റു ഭൂമി ഇതിനുവേണ്ടി സ്വകാര്യ വ്യക്തിക്ക് നഷ്ടമാകും.പാലം നിർമ്മാണത്തിന് നാലുകോടിരൂപ അനുവദിച്ചെങ്കിലും സ്ഥലം അക്വയർ ചെയ്യാൻ പ്രാരംഭ ഘട്ടത്തിൽ തുക അനുവദിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.നഷ്ടമാകുന്ന ഭൂമിയുടെ ന്യായമായ വില നൽകി പ്രശ്നം പരിഹരിക്കുന്നതിലൂടെ ദ്വീപുനിവാസികൾക്ക് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ലഭ്യമാകുന്നത്;ഒപ്പം വലിയൊരു സ്വപ്നവും. 

Wednesday, June 26, 2013


കേരളത്തിൽ ഏറ്റവും കൂടുതൽ കുഴികളുള്ള പാലമേത്...........?.ഇങ്ങനെയൊരു ചോദ്യം ഏതെങ്കിലും പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് നേരിടേണ്ടിവന്നാൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല.പറഞ്ഞു വരുന്നത് അരൂർ-കുമ്പളം പാലത്തിന്റെ കാര്യം തന്നെ.ഏറ്റവും കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ തവണ അറ്റകുറ്റപ്പണികൾ നടത്തിയ പാലം എന്ന അപഖ്യാതിയും ഈ പാലത്തിനു സ്വന്തം....!
1987-ൽ ഗതാഗതത്തിനു തുറന്നു കൊടുത്ത പാലം ഏറെ വൈകാതെ,കൃത്യമായി പറഞ്ഞാൽ 1988 ജൂൺ മാസത്തിൽത്തന്നെ പ്ളാറ്റ് ഫോം തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.സുഗമമായ യാത്രയും എത്രയും പെട്ടെന്ന് എറണാകുളത്തെത്താമെന്ന നാട്ടുകാരുടെ സ്വപ്നവും വൃഥാവിലായി.എണ്ണിയാൽ തീരാത്ത കുഴികളുമായി യാത്രക്കാരുടെ നടു ഒടിക്കുന്ന സഞ്ചാര സൗഖ്യവും സമ്മാനിച്ച് പാലം ഇക്കുറിയും കാലവർഷത്തിന്റെ വരവോടെ കുഴികളുടെ നിറ സാഹ്നിദ്ധ്യമായി മാറി.

മുൻപ് പുതിയ സമാന്തരപ്പാലം ഗതാഗതത്തിനു തുറന്നപ്പോൾ പഴയപാലം നവീകരിക്കുന്നതിനേക്കുറിച്ച് അധികൃതർ ആലോചിച്ചിരുന്നുവെങ്കിലും പുനർനിമ്മാണ പ്രകിയ അനന്തമായി നീണ്ടുപോയി.ഒടുവിൽ വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ അറ്റകുറ്റപ്പണികൾക്കായി പാലം ഇരുവശവും അടച്ചുകെട്ടി ഗതാഗതം നിരോധിച്ചതല്ലാതെ മറ്റൊരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയില്ല.പിന്നീട് ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടർന്നാണ് ഒരു മാസത്തിനു ശേഷം അധികൃതർ അറ്റകുറ്റപ്പണികൾ നടത്താൻ നിർബ്ബന്ധിതരായത്.
പൊട്ടിപ്പൊളിഞ്ഞ പാലത്തിലെ ടാർ മിശ്രിതം പൂർണ്ണമായി നീക്കം ചെയ്ത് ഉടഞ്ഞ കോൺക്രീറ്റ് പ്രതലങ്ങളും നീക്കി ബിറ്റുമിൻ സിമന്റ് ഉപയോഗിച്ച് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാവും ദീർഘനാൾ ഈടുനിൽക്കുന്ന പാലത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നായിരുന്നു ദേശീയ പാത അധികൃതർ പറഞ്ഞിരുന്നത്.പ്രഖ്യാപനം കഴിഞ്ഞ് അധികൃതർ മടങ്ങിയതിനു തൊട്ടു പിന്നാലെ പാലം വീണ്ടും തകർന്ന് തരിപ്പണമായി.ഇതോടെ പ്രസംഗത്തിലെ ആത്മാർത്ഥത പ്രവർത്തിയിലില്ലെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായി.
പണിയുംതോറും തകരുന്ന പാലത്തിനുവേണ്ടിയുള്ള മുറവിളിക്ക് പുതുമയില്ലാതായതോടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതെങ്ങനെയെന്ന ആലോചനയിലാണ് ജനങ്ങൾ.വർഷകാലം തീരുന്നതുവരെ പാലത്തിലെ കുഴികളിൽ വിത്തുപാകി പച്ചക്കറി കൃഷി നടത്തിയാലും അതും സമരത്തിലെ വ്യത്യസ്തതയായി കണക്കാക്കാം.

Friday, April 20, 2012

പ്രണയാര്‍ദ്രം........

ഹ്രുദയ തരംഗമായ് വന്നണയൂ സഖീ                                                                                                             മനതാരില്‍ വെണ്‍ചന്ദ്രലേഖയായ്                                                                                                                                     ഒരുനാളുമണയാത്ത ദീപമായ് നീയെന്നില്‍                                                                                                   ഒഴുകിയെത്തൂയെന്‍ സൌവര്‍ണ്ണ ചന്ദികേ .......                                                                                                  കൊതീയൂറും സ്നേഹത്തിന്‍ കുടുനിശ്വാസങ്ങള്‍                                                                                                       നുകരുവാനേറെ കൊതിച്ചു                                                                                                                             പറയുവാനാകില്ലയെന്‍ മനതാരിലെ                                                                                                                          കറതീര്‍ന്നൊരാ സ്നേഹബന്ധം .........                                                                                                                               ഉലയുകില്ലനുരാഗം ഉലകിലെന്‍                                                                                                                     പ്രിയ സഖി നീ കൂടെയെങ്കില്‍                                                                                                                                    പിരിയുവാനാകില്ലൊരിക്കലും നീയെന്റെ                                                                                                                               പ്രണയാര്‍ദ്ര സര്‍വ്വസ്വമല്ലേ........

Monday, April 16, 2012

വിഷു.........

പകലും രാത്രിയും സമമായി വരുന്ന അവസ്തയാണ് വിഷു.സൂര്യന്‍ മീനം രാശിയില്‍നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്ന പ്രത്യേകതയും വിഷു ദിനത്തിനുണ്ട്.ഇതെല്ലാം ശബ്ദതാരാവലിയിലെ വിഷു ദിനത്തിനുള്ള നിര്‍വ്വചനങ്ങളാണ്. എന്നാല്‍ കേരളീയര്‍ക്ക് ഇതിനെല്ലാം അപ്പൂറത്തുള്ള കാല്‍പ്പനികമായ ഒരാഘോഷമാണ്. വിഷുപ്പുലരിയിലെ കൈനീട്ടത്തേയും കണിയേയും ആശ്രയിച്ച് അടുത്ത ഒരു വര്‍ഷത്തെ ഗുണദോഷ ഫലങ്ങളെ വിലയിരുത്തുന്നവര്‍ ഇന്ന് നമ്മുടെയിടയില്‍ ഭൂരിപക്ഷമാണ്. അകവും പുറവും ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് കണിവെള്ളരിക്കൊപ്പം കുളിര്‍മ്മ പൊഴിക്കുന്ന ഈ ആഘോഷവും മറ്റെല്ലാ ആഘോഷവും പോലെ കച്ചവടമായിക്കഴിഞ്ഞു. തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവരുന്ന വെള്ളരിക്കയും പഴവര്‍ഗ്ഗങ്ങളും ഓട്ടുരുളിയില്‍ വച്ച് , വിലകൊടുത്ത് വാങ്ങുന്ന നാലഞ്ചിതള്‍ കണിക്കൊന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ച് കേരളീയര്‍ കാണുന്ന വിഷുക്കണിക്ക് ഇന്ന് മലയാളത്തനിമ തീരെയില്ല. ഉഗ്ര സ്പൊടന ശേഷിയുള്ള പടക്കങ്ങളും അമിട്ടൂകളും മധുരമുള്ള ഒരു തെരുവിനെ കത്തിച്ചുകളയുന്നതിന്റെ ദ്രിശ്യങ്ങളായിരിക്കാം ഒരുപക്ഷെ നാളത്തെ തലമുറ വിഷുവെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ കൊണ്ടുവരുന്നത്. 

Wednesday, March 2, 2011

ഒരു വിഷുപ്പുലരിയുടെ ഓര്‍മ്മ്യ്ക്ക്ക്.............

ജോസപ്പന്‍ ------- അങ്ങിനെയായിരുന്നു, ഞങ്ങള്‍ കൂട്ടുകാര്‍ ജോസഫിനെ വിളിച്ചിരുന്നത്.വലിയ കുസ്രുതിക്കാരനായിരുന്നു , അവന്‍. ---ഒപ്പം വഴക്കാളിയും.  പൊക്കമുള്ള കശുവിന്മാവിലും മറ്റും വലിഞ്ഞുകയറി കശുവണ്ടി ശേഖരിക്കലായിരുന്നു അവന്റെ  വിനോദം.അവന്‍ കയറുന്ന മാവിനുതാഴെ മധുരമുള്ള മാങ്ങകള്‍ക്കുവേണ്ടി ഞങ്ങള്‍ അക്ഷമയോടെ കാത്തുനിന്നു. മാങ്ങകള്‍  ഓരോന്നും അടര്‍ത്തി , കശുവണ്ടി മുരുക്കി ട്രൌസറിന്റെ കീശയില്‍ ഇട്ടശേഷം മാങ്ങ താഴേക്ക് ഇട്ടുതന്നുകൊണ്ടിരുന്നു.
ഓരോന്നു വീഴുമ്പോഴും അതു കൈക്കലാക്കാന്‍ ഞങ്ങള്‍ മാവിനുചുറ്റും മത്സരയോട്ടംതന്നെ നടത്തി.
ആകെ ബഹളമയം.........സ്തലമുടമ കണ്ടാല്‍ ആകെ കുഴപ്പമാകും....വലിയ ചൂരലുമായാണ് അയാളുടെ വരവ്.
പിടിക്കപ്പെട്ടാല്‍ അടിയുറപ്പ്.....!
പതിവ് തെറ്റിയില്ല , അന്നും ചീത്ത വിളിയോടെ ചൂരല്‍കഷായവുമായി കക്ഷി രംഗത്തെത്തി.ഞങ്ങള്‍ ജീവനുംകൊണ്ട് തലങ്ങും വിലങ്ങും ഓടി.
പക്ഷെ മാവിനുമുകളില്‍ കുടുങ്ങിപ്പോയ ജോസപ്പന് താഴെ ഇറങ്ങാനായില്ല.
ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ................
പതിയെ താഴെയിറങ്ങി മുതലാളിയുടെ മുന്‍പില്‍ മാപ്പപേക്ഷിച്ചു.......മേലില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു നോക്കി.......ആരുകേള്‍ക്കാന്‍....?
കൈ നീട്ടെടാ.........മുതലാളി ഗര്‍ജ്ജിച്ചു.
നിന്നോട് കഴിഞ്ഞ ദിവസവും മാവില്‍കയറരുതെന്ന് പറഞ്ഞതല്ലെ. --- പറഞ്ഞുതീരുമുംബ് അടി വീണുകഴിഞ്ഞു. വേദനകൊണ്ട് പുളഞ്ഞ ജോസപ്പനെ അയാള്‍ വീണ്ടും വീണ്ടും തല്ലിക്കൊണ്ടിരുന്നു..
തൊട്ടപ്പുറത്തെ വീടിന്റെ മറവില്‍ ഒളിച്ചിരുന്ന ഞങ്ങള്‍ നിസ്സഹായരായി എല്ലാം കാണുന്നുണ്ടായിരുന്നു
ഒടുവില്‍ അയാള്‍ അവനെ വിട്ടയച്ചു , മേലില്‍ ഇവിടെ കണ്ടുപോകരുതെന്ന താക്കീതോടെ........
നിറമിഴികളോടെ ശിരസ്സുതാഴ്ത്തി നടന്നുവരുന്ന ജോസപ്പനോട് ഞങ്ങള്‍ക്ക് സഹതാപം തോന്നി.....
അടുത്തുവന്ന അവനെ ഞങ്ങള്‍ ആശ്വസിപ്പിച്ചു...............

അല്‍പ്പനേരം ഒന്നും മിണ്ടാതെ നിന്ന അവന്‍ പെട്ടെന്ന് കീശയില്‍ നിന്നും കശുവണ്ടികള്‍ എടുത്ത് ഞ്ങ്ങള്‍ക്കുനേരെനീട്ടിയിട്ടുപറഞ്ഞു --നിങ്ങളിത് സൂക്ഷിച്ചു വച്ചോ. ഇതുകൊടുത്ത് വിഷുവിന് നമുക്ക് പടക്കം വാങ്ങാം...........
ഞങ്ങളുടെ വിഷു ആഘോഷത്തിനുവേണ്ടിയാണല്ല്ല്ലോ പാവം തല്ലുകൊണ്ടതെന്നോര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും വിഷമമായി,നേരം വൈകിയതിനാല്‍ എല്ലാവരും പിരിഞ്ഞു....
സന്ധ്യയോടെ നിലവിളക്കിന് മുന്നില്‍ നാമം ജപിച്ചിരുന്ന ഞാന്‍ ജോസപ്പന്റെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടി പുറത്തിറങ്ങി...............
കണ്ട കാഴ്ച്ച ഹ്രുദയഭേദകമായിരുന്നു..................
ജോസപ്പനെ വിവസ്ത്രനാക്കി വീട്ടിലെ നാട്ടുമാവില്‍ കൈകള്‍ രണ്ടും പിന്നിലേക്കുകെട്ടിയിട്ട് അവന്റെ അമ്മ തല്ലുകയാണ്.........................
നടന്ന സംഭവങ്ങള്‍ അത്രയും ഇതിനോടകം മുതലാളി അവന്റെ അമ്മയെ ധരിപ്പിച്ചിരുന്നു............
അതിന്റെ പ്രതികരണമാണ്..................
ഏതോ ഉന്മാദം ബാധിച്ചപോലെ ആ സ്ത്രീ അവനെ അതിക്രൂരമായി പ്രഹരിച്ച്കൊണ്ടേയിരുന്നു...................
അടിയേറ്റ് പുളഞ്ഞ അവന്‍ വേദനകൊണ്ട് അലറിക്കരഞ്ഞു.
വളരെ മുന്‍പേ ഭര്‍ത്തവ് ഉപേക്ഷിച്ച അവര്‍ വളരെ കഷ്ടപ്പെട്ടണ് അവനെ വളര്‍ത്തിയത്.സ്വന്തം മകന്‍ അടുത്ത പറമ്പിലെ കശുവണ്ടി മോഷ്ടിച്ചത് അവര്‍ക്ക് മാനക്കേടുണ്ടാക്കിയിരുന്നു.
കരച്ചില്‍ കേട്ട് കൂട്ടുകാരെല്ലാവരും ഓടിയെത്തിയെങ്കിലും അമ്മയെ തടയാനായില്ല. കലിയടങ്ങാത്ത ആ അമ്മ ഒടുവില്‍ കാന്താരി മുളക് പൊട്ടിച്ച് അവന്റെ കണ്ണില്‍ തേച്ചു.......................!
ഒരാര്‍ത്തനാദത്തോടെ കെട്ടുപൊട്ടിച്ച് അവന്‍ ഓടി പറമ്പിലെ കുളത്തില്‍ ചാടി.ബഹളം കേട്ട് അയല്പക്കക്കാര്‍
ഓടിക്കൂടി കുളത്തില്‍ നിന്നും ജോസപ്പനെ പൊക്കിയെടുത്ത് കരയില്‍ കിടത്തി നാട്ടുകാരില്‍ ആരോ നീറ്റല്‍ ശമിക്കാന്‍ അവന്റെ കണ്ണില്‍ വെളിച്ചെണ്ണ തടവി.................
അപ്പോഴും അവന്‍ ഏങ്ങലടിക്കുന്നുണ്ടായിരുന്നു...........................................
---------------------------------------------------------------------------------------------------------------------------
പിന്‍ കുറിപ്പ് : ജോസപ്പന്‍ വളര്‍ന്നു വലുതായി വിവാഹിതനായി. അറബി നാ‍ട്ടില്‍ ജോലി നേടി.മൂന്നു പെണ്മക്കളേയും നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു.ഒടുവില്‍ 2010 ഡിസംബറില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചു മരിച്ചു..................! ജോസപ്പന്റെ ഓര്‍മ്മയ്ക്കായി ഞാനിത് സമര്‍പ്പിക്കുന്നു.....................
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------------------------