Saturday, January 22, 2011

അങ്ങനെ നടന്നു നടന്നു അയ്യപ്പന്‍ നാട്ടിലെത്തി......!

നാടറിയാതെ......ഭാഷയറിയാതെ......അയ്യപ്പന്‍ നടക്കുകയായിരുന്നു,ഇരുപത്തിയഞ്ചു ദിവസങ്ങളായി.എങ്ങനേയും വീട്ടിലെത്തി ഭാര്യയേയും മക്കളേയും കാണണമെന്ന് ആഗ്രഹം നടത്തത്തിന് വേഗത കൂട്ടി. അപരിചിത മുഖങ്ങളും അറിയാഭാഷയും അയ്യപ്പനില്‍ ചിലപ്പോഴെങ്കിലും ഭീതി വിതച്ചു. പലപ്പോഴും നടത്തം അവസാനിച്ചത് തുടങ്ങിയേടത്തു തന്നെ!.വീണ്ടും ദിവസങ്ങളോളം വിശപ്പും ദാഹവും സഹിച്ചുകൊണ്ടുള്ള നടത്തം. ഒടുവില്‍ അയ്യപ്പന്‍ നാട്ടില്‍ തിരിച്ചെത്തി, ഭര്യയേയും മക്കളേയും കണ്‍കുളിര്‍ക്കേ കണ്ടു.....
       തന്റെ താമസസ്ത്ലലത്തിനടുത്തുനിന്നും തീര്‍ഥയാത്ര പുറപ്പെട്ട സംഘത്തിന് ആഹാരം പാചകം ചെയ്തുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടയാളായിരുന്നു അയ്യപ്പന്‍.  ചോറ്റാനിക്കര,കൊടുങ്ങല്ലൂര്‍,ത്രിശുര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സംഘം മധുരയില്‍ എത്തി.മധുര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ പ്രാധമീക കാര്യങ്ങള്‍ക്കായി അയ്യപ്പന്‍ പുറത്തിറങ്ങി. തിരിച്ചുവന്നപ്പോഴേയ്ക്കും ഇറങ്ങിയ സ്താനത്ത് താന്‍ യാത്രചെയ്ത ബസ്സ് കണ്ടില്ല.അന്വേഷണത്തിനൊടുവില്‍ ബസ്സ് കണ്ടെത്തി അതില്‍ കയറിയിരുന്നു.യാത്രാക്ഷീണംകൊണ്ട് ഉറങ്ങിപ്പോയ അയ്യപ്പന്‍ ഇടയ്ക്കെപ്പോഴോ ഉണര്‍ന്നപ്പോള്‍ സഹയാത്രികരെല്ലാം അപരിചിതര്‍!.അപ്പോഴാണു തനിക്ക് ബസ്സ് മാറിയ വിവരം മനസ്സിലായത്. ടിക്കറ്റെടുക്കാന്‍പോലും പണം കൈവശമില്ലാതിരുന്ന അയ്യപ്പനെ ബസ്സുകാര്‍ വഴിയില്‍ ഇറക്കിവിട്ടു          അപരിചിതമായനാടിനേയും നാട്ടുകാരേയും ഭയത്തോടെയാണു അയ്യപ്പന്‍ നോക്കിക്കണ്ടത്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ത........സ്വന്തം ഭാഷപോലും എഴുതാനോ വായിക്കാനോകഴിയാത്തയാള്‍ എങ്ങനെ അന്യ ഭാഷയായ തമിഴ് സംസരിക്കും ?....... വിശപ്പും ദാഹവും നന്നേ ക്ഷീണിതനാക്കിയെങ്കിലും അഭിമാനബോധം ആരുടെ മുന്നിലും കൈനീട്ടാന്‍ അയ്യപ്പനെ അനുവദിച്ചില്ല.                               
       മുന്നില്‍ക്കണ്ട റോഡിലൂടെ ദിശയറിയാതെ അയാള്‍ നടന്നു നീങ്ങി.രണ്ട് ദിവസത്തെ യാത്രചെയ്ത് അയാള്‍ എത്തിച്ചേര്‍ന്നതാകട്ടെ തുടങ്ങിയേടത്തുതന്നെ!.......മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ലെന്നുകണ്ട്  ബസ്സ് സ്റ്റാന്ഡില്‍ കിടന്നുറങ്ങി.ഉറക്കമുണര്‍ന്ന വീണ്ടും യാത്ര തുടര്‍ന്നു.വീട്ടിലെ ചിന്തകള്‍ അയാളുടെ നടത്തത്തിനു വേഗത കൂട്ടി.
        ഏഴുദിവസത്തെ നിരന്തരമായ നടത്തത്തിനൊടുവില്‍ പേരറിയാത്ത മറ്റൊരു ബസ്സ് ഷെല്‍ട്ടറില്‍ എത്തി അവിടെയുണ്ടായിരുന്ന തമിഴര്‍ക്കൊപ്പം രാത്രി കഴിച്ചുകൂട്ടി. ഉറക്കത്തില്‍ ആരോ തട്ടിയുണര്‍ത്തി.ഉറക്കച്ച്ടവോടെ മുഖമുയര്‍ത്തി...... നോക്കുമ്പോള്‍ ചുമലില്‍ തൊട്ടുകൊണ്ട് തുകര്‍ത്തുമാത്രം ധരിച്ച് ഒരാള്‍ തനിക്കു നേരേ അഞ്ച് രൂപ നീട്ടുന്നു. വിശപ്പും ദാഹവും അവശനാക്കിയ അയാള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.ഇരുകയ്യും നീട്ടി പണം വാങ്ങി. അയ്യപ്പന്റെ കണ്ണുകള്‍ നിറഞ്ഞ്തുളുമ്പി. ദൈവം എല്ലാം കാണുന്നുണ്ട്......ഈശ്വരനാകാം തന്റെ മുന്നിലെത്തിയതെന്ന് വിശ്വസിക്കാനായിരുന്നു അയാള്‍ക്കിഷ്ടം.
       ഇതിനിടയില്‍ അയ്യപ്പനെ കൊണ്ടുപോയ തീര്‍ത്താടകസംഘം നാട്ടില്‍ തിരിച്ചെത്തി. അയ്യപ്പനെ കാണാതായ വിവരം പക്ഷേ അവര്‍ വീട്ടുകാരെ അറിയിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ബന്ധുവായ ഒരാളോട് വിവരം പറഞ്ഞു.ബന്ധുവും മറ്റ്ചിലരും ചേര്‍ന്ന് മധുരയ്ക്ക് പുറപ്പെട്ടു. അവിടമാകെ അരിച്ചുപെറുക്കിയിട്ടും അയ്യപ്പനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.അവിടത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.തമിഴ് പത്രങ്ങളില്‍ കാണ്മാനില്ല എന്ന വാര്‍ത്ത നല്‍കി മടങ്ങി.
      ..........നടന്നുനീങ്ങിയ ദൂരമോ ഇനി നടക്കേണ്ട ദൂരമോ അയ്യപ്പന് നിശ്ചയമില്ലായിരുന്നു. നടന്ന്  തിരുവനന്തപുരത്തെത്തിയ അയാള്‍ക്ക് നാട്ടുകാരില്‍ ചിലര്‍ ആഹാരം വാങ്ങി നല്‍കി. മധുര വിട്ടതിനുശേഷം  ഭക്ഷണം കഴിച്ചിരുന്നില്ല. തിരുവനന്തപുരത്തുനിന്നും കൊല്ലം, ആലപ്പുഴ വഴി ചേര്‍ത്തല ബസ്സ് സ്റ്റാന്‍ഡില്‍ എത്തി.തന്റെ നാടിനടുത്ത് എത്തിച്ചേര്‍ന്നതോടെ അയ്യപ്പനില്‍ എന്തെന്നില്ലാത്ത ഉണര്‍വുണ്ടാക്കി.ചേര്‍ത്തല ദേവീ ക്ഷേത്രക്കുളത്തില്‍ നന്നയൊന്ന് മുങ്ങിക്കുളിച്ചതോടെ അയാള്‍ ഉന്മേഷവാനായി.ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിലെത്തി നാട്ടിലെ ടാര്‍ റോഡിലൂടെ എത്തുന്ന ബസ്സിലെ ചിരപരിചിതനായ കണ്ടക്ടറില്‍ നിന്നും പത്തുരൂപ കടം വാങ്ങി അയ്യപ്പന്‍ വീട്ടില്‍ തിരിച്ചെത്തി.
     ഇരുപത്തിയഞ്ച് ദിവസം തുടര്‍ച്ചയായ നടത്തം ശാരീരികമായി തളര്‍ത്തിയില്ലയെങ്കിലും വീട്ടിലെത്തിയപ്പോള്‍ കഥ മാറി.തളര്‍ന്നുവീണ അയ്യപ്പനെ ഭാര്യയും മക്കളും സാന്ത്വനിപ്പിച്ചു.ഭര്‍ത്താവിനെ തിരിച്ചുകിട്ടിയതില്‍ ഭാര്യയും മക്കളും ആഹ്ലാദത്തിലാണ്, അവര്‍ക്കൊപ്പം പുനര്‍ജ്ജന്മം കിട്ടിയപോലെ അയ്യപ്പനും.

2 comments:

  1. ഇത് പണ്ടത്തെ ആ പത്ര വാര്‍ത്ത അല്ലെ ...ആണ്ടവനെ കണ്ട അയ്യപ്പന്‍

    ReplyDelete
  2. അതെ,രമേശ്....ആ കഥ മനസ്സില്‍നിന്നും മായുന്നില്ല

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനമേകും ..എന്തെങ്കിലും പറയൂ ..